2010, നവംബർ 30, ചൊവ്വാഴ്ച

പാര്‍ലമെന്റ് സമ്മേളനം

അഴിമതി പ്രശ്നത്തില്‍ , പ്രത്യേകിച്ചും 2 ജി സ്പെക്ട്രം അഴിമതി ജോയിന്റ്  പാര്‍ലമെന്റ് സമിതി അന്വേഷിക്കണമെന്ന ഡിമാന്റിനെ മുന്‍ നിര്‍ത്തി പ്രതിപക്ഷം തുടര്‍ച്ചയായി പാര്‍ലമെന്റ് സ്തംഭിപ്പിക്കുകയാണ്.(വാര്‍ത്ത)
                  
                   തുടര്‍ച്ചയായി പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം.പി.മാര്‍ സിറ്റിങ് ഫീസ് വാങ്ങേണ്ടെന്ന് തീരുമാനിച്ചു ( വാര്‍ത്ത)

ഉണ്ണിക്കുട്ടന്‍ ഉവാച :- അതങ്ങനെ തന്നെ വേണം., കാരണം കാര്‍ന്നോന്മാര്‍ ചെയ്ത തെറ്റിന് മക്കള്‍ വേണം പ്രായശ്ചിത്തം ചെയ്യാന്‍. മോക്ഷമെങ്കിലും കിട്ടുമല്ലോ.

2010, നവംബർ 28, ഞായറാഴ്‌ച

മഴവില്ല്

ഉണ്ണി പത്രം വായിച്ചു കേട്ട ശേഷം പറഞ്ഞു:-
                       മനുഷ്യര്‍ പണ്ട് ആകാശത്തൊളമെത്തുന്ന ആകാശത്തേക്കാളുമുയരത്തില്‍ ഒരു ഗോപുരം പണിയാന്‍ തീരുമാനിച്ചു.അതിനായി ഭൂമിയിലെ മനുഷ്യരെല്ലാം ഒത്തു കൂടി പണി ആരംഭിച്ചു.അങ്ങനെ ഗോപുരം ഉയര്‍ന്നുയര്‍ന്നു വന്നു.അത് ദൈവത്തെ വെല്ലുവിളിച്ചുകൊണ്ട് ഉയര്‍ന്നു വന്നപ്പോള്‍ ദൈവത്തിന് ഇരിക്കപ്പൊറുതിയില്ലാതായി.ദൈവം തന്റെ അച്ചടക്കത്തിന്റെ ഖഡ്ഗം ചുഴറ്റി ക്രോധത്തോടെ എത്തി, ഗോപുരം പണിതു കൊണ്ടിരുന്ന മനുഷ്യരെ പലഭാഷക്കാരാക്കി മാറ്റി ശിക്ഷിച്ചു.പറയുന്നത് പരസ്പരം മനസ്സിലാവാതെ അവര്‍ പരസ്പരം അടികൂടി. അങ്ങനെ ഗോപുരം പണി നിലച്ചു, ദൈവത്തിനെതിരെ നടന്ന ആദ്യവിപ്ലവത്തിന് ദൈവം പകരം വീട്ടി.അതിന്റെ അടയാളമായി ദൈവം മനുഷ്യര്‍ക്കൊരു പാഠമാകത്തക്കരീതിയില്‍ ഒരു വില്ല് ആകാശത്തു സ്ഥാപിച്ചു - മഴവില്ല്.
                 കാലാന്തരത്തില്‍ മനുഷ്യര്‍ ഈ കഥ മറന്നു, അവര്‍ ഭരണപാര്‍ട്ടിക്കാര്‍ പാര്‍ട്ടി വ്യത്യാസമില്ലാതെ അഴിമതി നടത്താന്‍ തുടങ്ങി.ഒന്നിച്ച് ഒരേ മനസ്സോടെ എല്ലാത്തിലും അവര്‍ കോമണായിട്ടും സ്പെക്റ്റ്രമായിട്ടും ഒക്കെ വാരി വാരിയെടുത്തു. അവസാനം സി.എ.ജി എന്ന ദൈവം റിപ്പോറ്ട്ട് എന്ന ഖഡ്ഗവുമായി ആര്‍ത്തട്ടഹസിച്ചപ്പോള്‍ എല്ലാവരും ചിതറിയോടി.അവസാനം അഴിമതിയുടെ അടയാളമായി ഒരു വില്ല മാത്രം ഉയര്‍ന്നു നിന്നു -ആദര്‍ശ് ഫ്ലാറ്റ്.

2010, നവംബർ 25, വ്യാഴാഴ്‌ച

ഉണ്ണിയുടെ സ്വപ്നം

അഴിമതി വീരന്‍ യെദിയൂരപ്പ ഡല്‍ഹിക്കു പോയി. എന്തിനാണെന്നോ? ബി ജെ പി നേത്രുത്വം യെദിയൂരപ്പയെ വിളിപ്പിച്ചതാണ് രാജി വയ്ക്കുന്നതിനേക്കുറിച്ചാലോചിക്കാന്‍.
ദല്‍ഹിയില്‍ പോയ യെദിയൂരപ്പ പുഷ്പം പോലെ തിരിച്ചു വന്നു, മുഖ്യമന്ത്രിക്കസേരയില്‍ അമര്‍ന്നിരുന്നു.
കാര്യമന്വേഷിച്ച പത്രക്കാരോട് ബി ജെ പി നേത്രുത്വം പറഞ്ഞു:-
          നോക്കൂ, കോണ്‍ഗ്രസ് കഴിഞ്ഞാല്‍ പിന്നെ ആര് എന്ന ചോദ്യത്തിന് മറുപടി ബി ജെ പി എന്നാണ്. അതുകൊണ്ട് ഞങ്ങള്‍ കോണ്‍ഗ്രസിനെ പോലെ ശക്തമാകണം, എങ്കിലെ ഇന്ത്യാ മഹാരാജ്യം ഭരിക്കാന്‍ കഴിയൂ. കോണ്‍ഗ്രസിനെ നോക്കൂ, അവര്‍ അഴിമതിയുടെ കാര്യത്തില്‍ റിക്കാര്‍ഡ് ഉണ്ടാക്കി മുന്നേറിക്കൊണ്ടിരിക്കുകയാണ്. കോടിയില്‍ നിന്നും ആയിരം കോടിയിലേക്ക്,ആയിരം കോടിയില്‍ നിന്നും ലക്ഷം കോടിയിലേക്കു മുന്നേറുമ്പോള്‍ അവര്‍ക്കു ബദലായ ഞങ്ങള്‍ വെറും നൂറു കോടിയില്‍ താഴെ അഴിമതി എന്നു പറയുന്നത് ഞങ്ങള്‍ക്കും രാജ്യത്തിനും നാണക്കേടാണ്. അതുകൊണ്ട് യെദിയൂരപ്പയോട് മിനിമം ആയിരം കോടിയുടെ അഴിമതിയെങ്കിലും നടത്തിയിട്ടു വരാന്‍ പറഞ്ഞിരിക്കുകയാണ്.
              ( ഉണ്ണിക്കുട്ടന്‍ സ്വപ്നം കണ്ടത്)

2010, നവംബർ 21, ഞായറാഴ്‌ച

ഉണ്ണിക്കുട്ടനും ചേച്ചിയും പാമ്പും!

ഉണ്ണിക്കുട്ടന്റെ അടുത്ത വീട്ടിലെ ചേച്ചിയെ പാമ്പു കടിച്ചു ആശുപത്രിയിലാക്കി.
ഉണ്ണിക്കുട്ടന്‍ അച്ചനോടൊപ്പം ആശുപത്രിയില്‍ പോയി ചേച്ചിയെ കണ്ടു തിരിച്ചെത്തി.
അപ്പോള്‍ അമ്മ ചോദിച്ചു : “ഉണ്ണീ എങ്ങനെയുണ്ട് ചേച്ചിക്ക്?“
“കുറവുണ്ട് അമ്മേ ! “
ഉണ്ണിക്കുട്ടന്‍ പറഞ്ഞു.
അപ്പോ അമ്മ വീണ്ടും ചോദിച്ചു : “എന്തു പാമ്പാ അവരെ കടിച്ചത് ?“
ഉണ്ണി പറഞ്ഞു അങ്ങനെ അവരെ പാമ്പു കടിച്ചതൊന്നുമല്ല , 
വിഷത്തിന്റെ ശക്തി തീര്‍ന്നപ്പോള്‍ ഒരു പാമ്പ് അവരെ കടിച്ച് റീ ചാര്‍ജ് ചെയ്തതല്ലെ !